Thursday 27 June 2019

ആയവും വ്യയവും കാണുന്ന രീതി


       ആയം കാണാൻ:  കോൽ വിരൽ ആക്കിയ ചുറ്റിനെ 8 ൽ ഗുണിച്ച് 12 ൽ ഹരിക്കുക.  ഉദാ:- 89-16 എന്നത് 89 കോൽ 16 വിരൽ എന്നാണ്.
89x 8 = 712      16 X 8 = 128 ( വിരലിനെ കോലാക്കാൻ 24 കൊണ്ട് ഹരിച്ചാൽ മതി. കാരണം | കോൽ എന്നത് 24 വിരലാണ് )
അതിനാൽ 128/24 = 5
ഇവിടെ 5 എന്നത് ഹരണ ഫലമാണ്.ശിഷ്ടം ലഭിക്കാൻ 5 x 24 = 120
            128-120 = 8
കിട്ടിയ ഹരണ ഫലത്തെ 712 എന്ന കോലി നോട് കൂട്ടുക .712+ 5 = 717
ഇപ്പോൾ 717 കോൽ 8 വിരൽ എന്നായി.
കോലിനെ 12 കൊണ്ട് ഹരിക്കുക.
717/12 = 59 (ശിഷ്ടം ലഭിക്കാൻ 59 x 12 = 708 കിട്ടും. 717-708 = 9 (ശിഷ്ടം)
ആയം = 9 - 8 എന്ന് കിട്ടും.
വ്യയം: ചുറ്റിനെ 3 കൊണ്ട് ഗുണിച്ച് 14 ൽ ഹരിക്കുക.89-16 വ്യയം കാണാൻ:
  89 x 3 = 267      16 x 3 = 48 ( ഇത് 2 കോലാണ് 24 +24 = 48. അതിനാൽ 2 എന്നതിനെ കോലി നോട് കൂട്ടുക .
  267 +2 = 269
269 നെ 14 ൽ ഹരിക്കുക .  269/14 =
19 എന്ന് കിട്ടും.  ശിഷ്ടം ലഭിക്കാൻ
  19 X 14 = 266             269-266 = 3
  വ്യയം = 3
വയസ്സ് = ചുറ്റിനെ 8 കൊണ്ട് ഗുണിച്ച്  27 ൽ ഹരിക്കുക .ഉദാ:-
89 X 8 = 712        16 X 8 - 128 (കോൽ 5 ശിഷ്ടം 8)
712+ 5 = 717.        717/27 = 26 ( ഇതിനെ 5 കൊണ്ട് ഹരിക്കുക.കാരണം വയസ്സ് ആകെ 5 ഇനമാണ്. ബാല്യ o,കൗമാരം,യവ്വനം, വാർദ്ധക്യം,മരണം ) 26/5 = 5 ശിഷ്ടം (I )എന്നാണ് ഇത് ബാല്യമാണ്.
ഹരണ ഫലം
വയസ്സ്
ഫലം

1
ബാല്യം
സ്വീകാര്യം

2
കൗമാരം
ഉത്തമം

3
യൗവ്വനം
ശ്രേഷ്ഠം

4
വാർദ്ധക്യം
സ്വീകാര്യം

5
മരണം
വർജജ്യം

NB :,  5 നു മുകളിൽ വരുന്ന ഫലത്തെ 5 കൊണ്ട് ഹരിച്ച് ശിഷ്ടമാണ് വയസ്സായി
           കണക്കാക്കുന്നത്.
           മുമ്പ് ചെയതതിൽ വ്യത്യസ്തമായി ഇവിടെ വിരളിന്റെ ശിഷ്ടം പരിഗണിക്കുന്നില്ല: ',,,,,,,,,,,,'
യോനി :-
വീടിന്റെ മുഖം കണക്കാക്കേണ്ടത് യോനി ക്രമമനുസരിച്ചാണ്.ഇത് കണ്ടെത്താൻ
ആകെ ച്ചുറ്റിനെ 3 കൊണ്ട് ഗുണിച്ച് 8 - ൽ ഹരിക്കുക .ശിഷ്ടം യോനിയായിരിക്കും .
  യോനി ക്രമമനുസരിച്ചുള്ള മുഖം
മുഖം
യോനി
നാമം

പടിഞ്ഞാറ്
       1
ധ്വജം

തെക്ക്-കിഴക്ക്
    2
ധൂമം

വടക്ക്
       3
സിംഹം

തെക്ക് -
പടിഞ്ഞാറ്
       4
കുക്കുരം

കിഴക്ക്
       5
വൃഷം

വടക്ക് -
പടിഞ്ഞാറ്
        6
ഖരം

തെക്ക്
        7
ഗജo

കിഴക്ക് - വടക്ക്
       8
വായസം

Monday 24 June 2019

കോൽ കണക്കുകൾ വാസ്‌തുശാസ്‌ത്രത്തിലെ ഗണിതസിദ്ധാന്തം



വാസ്‌തുശാസ്‌ത്രത്തിലെ ഗണിതസിദ്ധാന്തം

വാസ്‌തുശാസ്‌ത്രത്തില്‍ സൂര്യന്റെയും ഭൂമിയുടെയും ഗതിവിഗതികള്‍ക്കും, സൗര-ഭൗമ-കാന്തികമണ്ഡലങ്ങള്‍ക്കും വളരെയധികം പ്രാധാന്യമുളളതുകൊണ്ട്‌ ദിശാനിര്‍ണ്ണയത്തിനും അതിനനുസരിച്ചുള്ള നിര്‍മ്മാണങ്ങള്‍ക്കും പ്രാധാന്യം കല്‌പിച്ചിരിക്കുന്നു. ഇത്തരത്തിലുളള നിര്‍മ്മാണങ്ങള്‍ക്ക്‌ പൂര്‍ണ്ണത നല്‍കുവാന്‍ വേണ്ടി ശാസ്‌ത്രം വ്യക്‌തമായ ഗണിതസമ്പ്രദായവും ഉപയോഗിക്കുന്നു. ശുഭദായകങ്ങളായ വായുമണ്ഡലങ്ങളുടെ വ്യാപ്‌തിയെ അടിസ്‌ഥാനപ്പെടുത്തിയാണ്‌ വാസ്‌തുശാസ്‌ത്രം കണക്കുകള്‍ കൈകാര്യം ചെയ്‌തുവന്നിട്ടുള്ളത്‌.വാസ്‌തുശാസ്‌ത്രത്തില്‍ ഏറ്റവുമധികം പ്രാധാന്യമുള്ളവയാണ്‌ അളവുകള്‍. ലോകത്തുളള എല്ലാ വസ്‌തുക്കളും അളവിനെ ആശ്രയിച്ചിരിക്കുന്നു. ഈ അളവുകള്‍ ''ഓരോന്നിനും ഓരോ പ്രകാരമാകുന്നു'' എന്നുളള ഭേദം മാത്രമേയുളളൂ.. മനുഷ്യശരീരവും വ്യക്‌തമായ അളവുകളോടെ സൃഷ്‌ടിക്കപ്പെട്ടവയാണ്‌. പൂര്‍ണ്ണനായ ഒരു മനുഷ്യന്റെ കൈത്തലത്തിന്റെ അതേ അളവുതന്നെയായിരിക്കും ആ ആളുടെ മുഖത്തിനും (ചിത്രം 1). മുഖത്തിന്റെ ഒന്‍പതിരട്ടിയായിരിക്കും ആകെ ശരീരത്തിന്റെ അളവും (ചിത്രം 2). അതുപോലെ കൈമുഷ്‌ടിയുടെ അളവായിരിക്കും ഹൃദയത്തിന്‌. ഇപ്രകാരം എല്ലാവസ്‌തുക്കളും നിശ്‌ചിതമായ അനുപാതത്തില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ഈ അളവുകളിലുണ്ടാകുന്ന വ്യത്യാസം നിര്‍മ്മിതിയെ വികലമാക്കുന്നു. വാസ്‌തുശാസ്‌ത്രത്തില്‍ പ്രധാനമായും അംഗുലം (വിരല്‍), ഹസ്‌തം (കോല്‍) എന്നീ അളവുകളാണ്‌ ഉപയോഗിക്കുന്നത്‌. ഇവകളുടെ അടിസ്‌ഥാനത്തേയും ശാസ്‌ത്രം വ്യക്‌തമാക്കിയിട്ടുണ്ട്‌.

വാസ്‌തുശാസ്‌ത്രപ്രകാരം അളവുകളുടെയെല്ലാം അടിസ്‌ഥാനം 'പരമാണു'വില്‍നിന്ന്‌ തുടങ്ങുന്നു. പരമാണു ക്രമത്തില്‍ വര്‍ദ്ധിപ്പിച്ചിട്ടാണ്‌ എല്ലാ അളവുകളും ഉണ്ടാകുന്നത്‌. വാസ്‌തുശാസ്‌ത്രപ്രകാരം എല്ലാറ്റിന്റേയും ഏറ്റവും സൂക്ഷ്‌മമായ അളവാണ്‌ 'പരമാണു'. അല്‌പത്വം ഹേതുവായിട്ട്‌, ഇത്‌ മറ്റുളളവര്‍ക്ക്‌ കാണുവാന്‍ സാധിക്കുന്നതല്ല. 'യോഗികള്‍ക്ക്‌ മാത്രം കാണാന്‍ സാധിക്കുന്നത്‌' എന്നാണ്‌ പരമാണുവിന്‌ നല്‍കുന്ന ലക്ഷണം. പരമാണു ക്രമമായി വര്‍ദ്ധിപ്പിച്ചാല്‍ പ്രകാശരശ്‌മികളുടെ പ്രത്യേക സമ്പര്‍ക്കം കൊണ്ട്‌ മാത്രം കാണാന്‍ കഴിയുന്ന 'ത്രസരേണു', ഒരു കണ്‍പീലിയുടെ വിസ്‌താരമായ 'ലിക്ഷ', അവകള്‍ എട്ടു ചേര്‍ന്നാല്‍ ഒരു 'യൂകം', എട്ട്‌ യൂകങ്ങള്‍ ചേര്‍ന്നാല്‍ ഒരു 'യവം', 'യവം' എന്നാല്‍ ഒരു ഞവരനെല്ലിന്റെ അളവാണ്‌. ഈ യവം എട്ടുചേര്‍ന്നാല്‍ ലഭിക്കുന്നത്‌ 'അംഗുലം'. ഇത്തരത്തിലുളള യവ-അംഗുലാദികളാണ്‌ വാസ്‌തു ശാസ്‌ത്രത്തിന്റെ അടിസ്‌ഥാന അളവുകള്‍. തത്തദ്ദേശത്തു വിളയുന്ന ഞവരനെല്ലിന്റെ അളവുകളാല്‍ ക്രമപ്പെടുത്തിയിരുന്നു അളവുകോലുകള്‍. ഈ യവ-അംഗുലാദികള്‍ ക്രമത്തില്‍ വര്‍ദ്ധിപ്പിച്ചാണ്‌ എല്ലാത്തരം അളവുസാധനങ്ങളും നിര്‍മ്മിച്ചിരുന്നത്‌. മനുഷ്യന്റെ നടുവിരലിന്റെ നടുഭാഗത്തിന്റെ അളവിന്‌ തുല്യമാണ്‌ അംഗുലം. 24 അംഗുലം ചേര്‍ന്നതാണ്‌ ഒരു കോല്‍. ഇപ്രകാരം തന്നെയാണ്‌ മനുഷ്യശരീരത്തിലും. ഉത്തമനായ പുരുഷന്റെ നടുവിരലിന്റെ നടുഭാഗത്തിന്റെ 24 ഇരട്ടിയാണ്‌ കൈ. വാസ്‌തുശാസ്‌ത്രത്തില്‍ അളവുകളുടെ വിവിധ ഘടകങ്ങളാണ്‌ യോനി, ആയം, വ്യയം, വയസ്സ്‌ തുടങ്ങിയവ. ഇവകളുടെ ഉത്തമ, മധ്യമ, അധമ ഭേദത്താല്‍ കണക്കുകളും അപ്രകാരമാകുന്നു.

യോനി

വാസ്‌തുശാസ്‌ത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ യോനി സമ്പ്രദായം. ഉത്തരേന്ത്യന്‍ രീതി പ്രകാരം യോനിക്ക്‌ ആയം എന്നൊരു പേരുമുണ്ട്‌. 'യോനിപ്രാണാ ഏവ ധാമനി' എന്നുള്ളതിനാല്‍ യോനി സമ്പ്രദായം പ്രാണന്‍ എന്നതുപോലെ വീടിന്‌ വളരെ പ്രധാനപ്പെട്ടതാകുന്നു. ദിക്കുകള്‍ക്കനുസരിച്ചാണ്‌ യോനിക്രമം നിശ്‌ചയിക്കേണ്ടത്‌. വാസ്‌തുശാസ്‌ത്രത്തില്‍ 'ധ്വജധൂമസിംഹ കുക്കുര വൃഷഖര ഗജാവായസ' എന്നിങ്ങനെ എട്ടുതരം യോനി സമ്പ്രദായം ഉണ്ട്‌. ഇതില്‍ ഓജങ്ങളായവ 'ദിക്ക്‌ യോനി'കള്‍ (ധ്വജ, സിംഹ, വൃഷ, ഗജ യോനികള്‍) ഐശ്വര്യപ്രദങ്ങളും യുഗ്മങ്ങളായ ''വിദിക്ക്‌ യോനികള്‍'' (ധൂമ, കുക്കുര, ഖര, വായസ) അശുഭപ്രദങ്ങളുമാകുന്നു. ഇപ്രകാരം ധ്വജ യോനി കിഴക്ക്‌ ദിക്കിനും, ധൂമം തെക്ക്‌- കിഴക്കും, സിംഹം തെക്കും, തെക്ക്‌- പടിഞ്ഞാറ്‌ കുക്കുര യോനിയും, വൃഷം പടിഞ്ഞാറും, ഖരം വടക്ക്‌-പടിഞ്ഞാറും വടക്ക്‌ ഗജയോനിയും, വടക്ക്‌- കിഴക്ക്‌ വായസ യോനിയുമാകുന്നു. ഇതിലെ വിദിക്ക്‌ യോനികള്‍ ആ ദിക്കുകളില്‍പ്പോലും സ്വീകരിക്കാന്‍ പാടില്ലാത്തതാകുന്നു. ധൂമയോനി ഭയത്തേയും, കുക്കുരയോനി കലഹത്തേയും, ഖരയോനി ചാപല്യത്തേയും, വായസയോനി വംശനാശത്തേയും ചെയ്യുന്നവയാണ്‌. അതുപോലെ ധ്വജയോനി അര്‍ത്ഥലാഭവും സിംഹയോനി ജയത്തേയും വൃഷയോനി ലാഭത്തേയും ഗജയോനി സുഖത്തേയും നല്‍കുന്നു. ഇവയില്‍ ധ്വജയോനി ഇഷ്‌ടഫലദായികയും ഏതു ദിക്കിലേക്കും ഉപയോഗിക്കാവുന്നതുമാകുന്നു. ഇപ്രകാരം പടിഞ്ഞാറ്‌ മുഖമുളള വീടുകള്‍ക്ക്‌ ധ്വജയോനി മാത്രവും, തെക്ക്‌ മുഖമുളള വീടുകള്‍ക്ക്‌ ധ്വജ-ഗജ യോനികളും, വടക്കോട്ട്‌ ധ്വജ സിംഹ യോനികളും കിഴക്കോട്ട്‌ മുഖമുളളതിന്‌ ധ്വജ-സിംഹ-വൃഷ-ഗജയോനികളും സ്വീകരിക്കാവുന്നതാകുന്നു. കിഴക്കോട്ട്‌ മുഖമുളള വീടുകള്‍ അല്ലാതെ മറ്റൊരു വീടിനും പഞ്ചയോനി (വൃഷയോനി) സ്വീകരിക്കാന്‍ പാടില്ലാത്തതാകുന്നു. പടിഞ്ഞാറോട്ട്‌ മുഖമുള്ള വീടിന്‌ ഏകയോനി (ധ്വജയോനി) മാത്രമേ സ്വീകരിക്കാവൂ.

യോനി കണ്ടെത്തുന്ന വിധം

ഗൃഹത്തിന്റെ ദീര്‍ഘവിസ്‌താരങ്ങളെ ആകെ കൂട്ടിയാല്‍ കിട്ടുന്ന (2 (ന്‍+ണ്‍) )ചുറ്റളവിനെ മൂന്നില്‍ പെരുക്കി ദിക്കുകളാകുന്ന എട്ടുകൊണ്ട്‌ ഹരി ച്ചാല്‍ ശേഷിക്കുന്നത്‌ യോനിയാകു ന്നു. അതായത്‌ ശിഷ്‌ടങ്ങളെ അതത്‌ യോനികളായി പരിഗണി ക്കുന്നു. ഉദാഹരണത്തിന്‌ 43 കോല്‍ ചുറ്റെങ്കില്‍ യോനി= 43റ്റ3 ഭാഗം 8, ശിഷ്‌ടം= 1, യോനി =1

''യോനി പ്രാണാ ഏവ ധാമ്‌നാം

യദസ്‌മാത്‌ ഗ്രാഹ്യസ്‌തത്തദ്യോഗ്യ യോനി പ്രഭേദഃ''

എന്നതിനാല്‍ അതത്‌ ഗൃഹങ്ങള്‍ക്ക്‌ വിധിച്ച യോനികളെത്തന്നെ സ്വീകരിക്കേണ്ടതാകുന്നു. വീടുകള്‍ക്ക്‌ ഉത്തമമായിരിക്കുന്ന നിജയോനികള്‍ ചേര്‍ത്ത്‌ ആരൂഢം, ബാഹ്യം, പാദുകം എന്നിവ യോജിപ്പിക്കണം. ഇവകളില്‍ ആരൂഢം ഏറ്റവും പ്രധാനവും, ആരൂഢമില്ലാത്ത വീടുകള്‍ക്ക്‌ ബാഹ്യചുറ്റ്‌ (ഉത്തരപുറം/ ഭിത്തിപുറം) കല്‍പ്പിക്കേണ്ടതാകുന്നു. കിണറിന്‌ പഞ്ചയോനിയും ആല്‍ത്തറ, മുല്ലത്തറ, തുളസിത്തറ മുതലായ തറകള്‍ക്കും, നടുമുറ്റത്തിനും ഏകയോനികണക്കുകള്‍ മാത്രം സ്വീകരിക്കണം. വീടുകള്‍ക്ക്‌ ദിശക്കനുസൃതമായുളള യോനി സ്വീകരണം പോലെതന്നെ പ്രാധാന്യമേറിയതാണ്‌ ആയം, വ്യയം, നക്ഷത്രം, വയസ്സ്‌, തിഥി, ആഴ്‌ച, പക്ഷാന്തരവ്യയം തുടങ്ങിയ മറ്റു ഘടകങ്ങള്‍. ഇവകളുടേയും ശുഭാശുഭങ്ങള്‍ അറിഞ്ഞുവേണം കണക്കുകള്‍ സ്വീകരിക്കുവാന്‍.

ആയം, വ്യയം, പക്ഷാന്തരവ്യയം

ചുറ്റിനെ മൂന്നില്‍ പെരുക്കി പതിന്നാലുകൊണ്ട്‌ ഹരിച്ചാല്‍ ശേഷിക്കുന്നത്‌ വ്യയവും, ചുറ്റിനെ എട്ടില്‍ പെരുക്കി പന്ത്രണ്ടുകൊണ്ട്‌ ഹരിച്ചാല്‍ ശിഷ്‌ടമുളളത്‌ ആയവും, ചുറ്റിനെ ഒമ്പതില്‍ പെരുക്കി പത്തുകൊണ്ട്‌ ഹരിച്ചാല്‍ ശേഷിക്കുന്നത്‌ പക്ഷാന്തര വ്യയവുമാകുന്നു.

''ആയാധിക്യം വ്യയതഃ സമ്പാദ്യം സര്‍വ്വദാ അന്യഥാ ആപത്തിഃ'' എന്ന പ്രമാണ വചനത്താല്‍ ഇപ്രകാരം ലഭിക്കുന്ന ആയം വ്യയത്തേക്കാള്‍ അധികമായി നില്‍ക്കേണ്ടതാകുന്നു. എങ്കില്‍ ഗൃഹത്തില്‍ ആയുരാരോഗ്യ-ധനാദി സമ്പത്തും, മറിച്ചെങ്കില്‍ ആപത്തും ഫലമാകുന്നു. ആയം വ്യയത്തേക്കാളും പക്ഷാന്തര വ്യയത്തേക്കാളും ഉയര്‍ന്നതാകണം.

നക്ഷത്രം, തിഥി, ആഴ്‌ച, കരണം

ജ്യോതിശാസ്‌ത്ര പ്രകാരമുളള ഫലങ്ങള്‍ നക്ഷത്ര, തിഥി, വാര, കരണങ്ങളെക്കൊണ്ടാണ്‌ നിശ്‌ചയിക്കേണ്ടത്‌. ഗൃഹ ചുറ്റിന്റേയും ഗൃഹകര്‍ത്താവിന്റെയും നാളുകള്‍ വേധ നക്ഷത്രങ്ങളാകാതെ വേണം ഗൃഹങ്ങള്‍ക്ക്‌ കണക്കുകള്‍ സ്വീകരിക്കാന്‍. ചുറ്റിനെ എട്ടുകൊണ്ട്‌ ഗുണിച്ച്‌ ഇരുപത്തി ഏഴില്‍ ഹരിച്ചാല്‍ ശിഷ്‌ടം നക്ഷത്രമാകുന്നു. ചുറ്റിനെ എട്ടില്‍ പെരുക്കി മുപ്പതുകൊണ്ട്‌ ഹരിച്ചാല്‍ ശിഷ്‌ടം വെളുത്ത പ്രതിപദം മുതല്‍ക്കേയുളള തിഥിയും എട്ടുകൊണ്ട്‌ ഗുണിച്ച്‌ ഏഴുകൊണ്ട്‌ ഹരിച്ചാല്‍ കിട്ടുന്നത്‌ ആഴ്‌ചയുമാകുന്നു. നക്ഷത്ര, തിഥി, വാര, കരണങ്ങളുടെ ശുഭാശുഭങ്ങള്‍ ജ്യോതിശാസ്‌ത്രത്തിലെന്നപോലെതന്നെ മനസ്സിലാക്കണം.

വയസ്സുകള്‍

''ബാലത്വം കൗമാരം യൗവ്വന മഥ

വാര്‍ധക്യം നിധനം ച.

പഞ്ചവയാംസേഷ്യന്ത്യം

നേഷ്‌ടം ശിഷ്‌ടാനി വാസ്‌തുനിഷ്‌ടാനി.''

(മനുഷ്യാലയചന്ദ്രിക-4 അധ്യായം, 32 ശ്ലോകം)

'ബാല്യം, കൗമാരം, യൗവ്വനം, വാര്‍ധക്യം, മരണം' എന്നിങ്ങനെ വയസ്സ്‌ അഞ്ച്‌ വിധത്തില്‍ പറയപ്പെട്ടിരിക്കുന്നു. ഇവയില്‍ ഒടുവില്‍ പറഞ്ഞ 'മരണം' ഒരിക്കലും ഗൃഹങ്ങള്‍ക്ക്‌ സ്വീകരിക്കാന്‍ പാടില്ലാത്തതാകുന്നു. ബാല്യ-വാര്‍ധക്യങ്ങള്‍ മധ്യമമാണെന്നിരിക്കെ ആയാധിക്യവൈശിഷ്‌ട്യങ്ങള്‍ ഉണ്ടെങ്കില്‍ ആ കണക്കുകള്‍ സ്വീകരിക്കാവുന്നതാണ്‌. ''താരുണ്യം വയഃ ശോഭനഃ'' എന്നതിനാല്‍ കൗമാര യൗവ്വനാദികള്‍ ശോഭനമാകുന്നുവെന്ന്‌ സിദ്ധിക്കുന്നു. ചുറ്റളവിനെ എട്ടില്‍ പെരുക്കി ഇരുപത്തിയേഴില്‍ ഹരിക്കുമ്പോള്‍ കിട്ടുന്ന ഹരണഫലം ബാല്യം തുടങ്ങിയ വയസ്സുകളാകുന്നു. മരണം തുടങ്ങിയ പ്രധാന ദോഷങ്ങള്‍ ഉളള കണക്കുകള്‍ വര്‍ജ്യങ്ങളെന്നു പറഞ്ഞിരിക്കുന്നുവെങ്കിലും ദേവാലയ നിര്‍മ്മിതിക്കായി അവ ഉപയോഗിച്ചിരിക്കുന്നുവല്ലോ... എന്നുള്ള സംശയങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്‌. (പണ്ടുകാലംതൊട്ടേ ദേവാലയങ്ങളില്‍ മരണക്കണക്കുകള്‍ വര്‍ജ്‌ജിച്ചു കാണുന്നില്ല.) എന്നാല്‍ ''മൃത്യുര്‍മരണയോഗോ വാ മാ ഭൂത്‌''എന്ന വാസ്‌തുവിദ്യാ വചനത്താല്‍ മനുഷ്യാലയത്തില്‍ മാത്രമേ ഇത്‌ നിഷേധിച്ചിട്ടുളളൂ എന്നറിഞ്ഞുകൊളളണം. ഇന്ന്‌ കോലിനെ 72 സെന്റീമീറ്റര്‍ എന്നും അംഗുലത്തെ 3 സെന്റീമീറ്റര്‍ എന്നും നിജപ്പെടുത്തിയിരിക്കുന്നു. യോനി സമ്പ്രദായത്തിലും ഉത്തമമായ അളവുകള്‍ താഴെക്കൊടുക്കുന്നു.

ധ്വജയോനി- 40 കോല്‍ 8 വിരല്‍ ഉത്തമം, 43 കോല്‍ മധ്യമം , 56 കോല്‍ 8 വിരല്‍ ഉത്തമം, 67 കോല്‍ ഉത്തമം, 75 കോല്‍ മധ്യമം, 80 കോല്‍ 8 വിരല്‍ ഉത്തമം

91 കോല്‍ ഉത്തമം

സിംഹയോനി- 38 കോല്‍ 8 വിരല്‍ ഉത്തമം, 49 കോല്‍ ഉത്തമം, 57 കോല്‍ ഉത്തമം, 62 കോല്‍ 8 വിരല്‍ ഉത്തമം, 75 കോല്‍ 16 വിരല്‍ ഉത്തമം, 81 കോല്‍ മധ്യമം, 89 കോല്‍ ഉത്തമം

വൃഷയോനി- 39 കോല്‍ ഉത്തമം, 47 കോല്‍ ഉത്തമം, 57 കോല്‍ 16 വിരല്‍ ഉത്തമം, 63 കോല്‍ മധ്യമം, 65 കോല്‍ 16 വിരല്‍ ഉത്തമം, 89 കോല്‍ 16 വിരല്‍ ഉത്തമം

ഗജയോനി- 47 കോല്‍ 16 വിരല്‍ ഉത്തമം, 58 കോല്‍ 8 വിരല്‍ ഉത്തമം, 61 കോല്‍ മധ്യമം, 71 കോല്‍ 16 വിരല്‍ മധ്യമം, 82 കോല്‍ 8 വിരല്‍ മധ്യമം, 95 കോല്‍ 16 വിരല്‍ ഉത്തമം. ഉള്‍മുറികള്‍ക്ക്‌ യോനിക്രമം നോക്കേണ്ട ആവശ്യമില്ല. മറ്റുഘടകങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും. ഉള്‍മുറികള്‍ക്കും ചെറിയ നിര്‍മ്മിതികള്‍ക്കും യോജിച്ച അളവുകള്‍ ഇവയാണ്‌.

5 കോല്‍ 16 വിരല്‍, 9 കോല്‍ 16 വിരല്‍, 11 കോല്‍ 16 വിരല്‍, 15 കോല്‍, 15 കോല്‍ 16 വിരല്‍, 16 കോല്‍ 8 വിരല്‍, 20 കോല്‍ 8 വിരല്‍, 23 കോല്‍ 16 വിരല്‍, 25 കോല്‍, 27 കോല്‍, 29 കോല്‍, 29 കോല്‍ 16 വിരല്‍, 33 കോല്‍ വാസ്‌തുശാസ്‌ത്രത്തിനനുസരിച്ചുള്ള നിര്‍മ്മാണങ്ങളില്‍ അളവുകള്‍ ഒരു പ്രധാനഘടകം തന്നെയാണ്‌. അളവുകള്‍ സ്വീകരിക്കുമ്പോള്‍ ഓരോ വീടിനും, ദിശയ്‌ക്കും ചേര്‍ന്ന അളവുകള്‍ തന്നെ സ്വീകരിക്കേണ്ടതാകുന്നു. അളവുകളുടെ ഈ ദോഷഫലങ്ങള്‍ നമുക്ക്‌ അനുഭവിച്ചറിയാവുന്നവയാണ്‌. ഇപ്രകാരം ഉചിതമായ കണക്കുകളാല്‍ നിര്‍മ്മിക്കപ്പെട്ട ഗൃഹങ്ങള്‍ ഏവര്‍ക്കും ഭാഗ്യദായകങ്ങളാണ്‌.

''മാനപ്രമാണ സംയുക്‌താം

ശാലാം തത്രൈവ യോജയേത്‌

ആയുരാരോഗ്യ സൗഭാഗ്യം

ലഭതേ നാത്ര സംശയഃ

West Face House Plan 1062 Sqf